• എഴുതിയത് Vibitha Kathalat
  • മാറ്റം വരുത്തിയ തീയതി 31-08-2022

പ്ലസ് ടുവിന് ശേഷം എന്ത്: മത്സര പരീക്ഷകളും ജോലിസാധ്യതയും

img-icon

ആമുഖം

പ്ലസ് ടുവിന് ശേഷം എന്ത് (Career After Plus Two): പരീക്ഷാ ഫലങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ അടുത്തത് എന്ത് എന്നതായിരിക്കും പിന്നീട് എല്ലാവരുടേയും ചോദ്യം. പ്രത്യേകിച്ച് പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരിക്കും ഈ ചോദ്യം കൂടുതലായും അഭിമുഖീകരിക്കേണ്ടി വരിക.ഇത് വെറുമൊരു ചോദ്യം മാത്രമല്ല. ഭാവിയിലേക്കുള്ള ശക്തമായ ചുവട് വെപ്പ് കൂടിയാണ്.

പ്ലസ് ടു കഴിഞ്ഞ ശേഷം കുട്ടികളുടെ താൽപര്യം, അഭിരുചി, മനോഭാവം ലക്ഷ്യം എന്നിവക്കിണങ്ങിയ ഉപരി പഠന മേഖല തിരഞ്ഞെടുക എന്നത് ചില്ലറ കാര്യമല്ല.ജീവിത്തിൻ്റെ പ്രധാന വഴിത്തിരിവിനായി എടുക്കുന്ന തീരുമാനത്തിൽ പാളിച്ച പറ്റിയാൽ അത് കുട്ടിയുടെ കരിയറിൽ ഉടനീളം തന്നെ പ്രതികൂലമായി ബാധിച്ചേക്കും.

ഈ വിഷയത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരു പോലെ ഉത്തരവാദിത്തമുണ്ട്.കേരള പ്ലസ് ടു വിന് ശേഷം തിരഞ്ഞെടുക്കാവുന്ന പഠന മേഖലകളെ കുറിച്ചുള്ള കൃത്യമായ ധാരണ കുട്ടികൾക്ക് നൽകുക എന്നതാണ് അതിനുള്ള ആദ്യപടി.

അതായത് പ്ലസ് ടുവിന് ശേഷം ഏതെല്ലാം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാം. അതുവഴി ഏതെല്ലാം കോഴ്സുകൾക്ക് പ്രവേശനം ലഭിക്കും. പ്രധാനപ്പെട്ട മത്സര പരീക്ഷകൾ ഏതെല്ലാമാണ്, മത്സര പരീക്ഷകളിലൂടെ മാത്രമാണോ പ്ലസ് ടുവിന് ശേഷമുള്ള ഉപരിപഠനം സാധ്യമാവുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകുക എന്നതാണ് പ്രധാനം.
വിവിധ കോഴ്സുകളിലേക്ക് സംസ്ഥാന-ദേശീയ തലത്തിൽ നടക്കുന്ന മത്സര പരീക്ഷകളെ കുറിച്ച് വിശദമായി മനസ്സിലാക്കാം.

പ്ലസ് ടുവിനു ശേഷമുള്ള പരീക്ഷകൾ

പ്ലസ് ടുവിന് ശേഷം ഒരുപാട് വാതിലുകൾ നിങ്ങൾക്ക് മുൻപിലായി തുറക്കും. നിങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ചുള്ള കോഴ്‌സുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പല കോഴ്‌സുകൾക്കും ഇപ്പോൾ പ്രവേശന പരീക്ഷകൾ ഉണ്ട്, അവയെ കുറിച്ചു നേരത്തെ അറിഞ്ഞു വെക്കുക വഴി പ്ലസ് ടുവിനൊപ്പം തന്നെ ഈ പരീക്ഷകൾക്ക് വേണ്ടി പരിശീലിക്കാവുന്നത് ആണ്.

KEAM (Kerala Engineering Agricultural Medical Entrance exam)

സംസ്ഥാന എൻട്രൻസ് പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ,മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നടക്കുന്നത്. ഇതിനായുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.

എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകൾ


ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് മൊത്തം 50ശതമാനം മാർക്കും മാത്തമാറ്റിക്സിന് മാത്രമായി 50 ശതമാനം മാർക്കും നേടി കേരള ഹയർ സെക്കൻ്ററി പരീക്ഷയോ അതിന് തുല്യമായ പരീക്ഷയോ ജയിച്ചവർക്കാണ് എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാൻ യോഗ്യത. അവസാന വർഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും പ്രവേശന പരീക്ഷ എഴുതാൻ യോഗ്യതയുണ്ട്. രണ്ടര ലക്ഷം രൂപക്ക് താഴെ വാർഷിക വരുമാനമുള്ള SE, OBC വിഭാഗത്തിൽ പെട്ടവർക്ക് 45 ശതമാനം മാർക്ക് വാങ്ങിയാൽ മതി. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ മാർക്ക് പരിധിയില്ല. പകരം എൻട്രൻസ് പരീക്ഷയിൽ വിജയിച്ചാൽ മാത്രം മതി. ഈ മാനദണ്ഡങ്ങൾ കേരള കാർഷിക സർവ്വകലാശാലയുടെ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ഡയറി സയൻസ് ആൻ്റ് ടെക്നോളജി എഞ്ചിനീയറിംഗ് എന്നിവക്കുള്ള പ്രവേശനത്തിനും ബാധകമാണ്.

പരീക്ഷാ രീതി
ചോദ്യങ്ങൾ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. ഓരോ ചോദ്യത്തിനും നൽകിയിരിക്കുന്ന അഞ്ച് ഓപ്ഷനുകളിൽ നിന്നും. ഏറ്റവും അനുയോജ്യമായത് വേണം ഉത്തരക്കടലാസില്‍ രേഖപ്പെടുത്താൻ. ഓരോ ശരി ഉത്തരത്തിനും നാല് മാര്‍ക്ക് വീതമാണ് നല്‍കുക. തെറ്റുത്തരത്തിന് ഓരോ മാര്‍ക്ക് വീതം കുറയ്ക്കും.

മെഡിക്കല്‍/അഗ്രിക്കള്‍ച്ചറല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്സ്, ബയോളജി പേപ്പറുകളാണ് ഉണ്ടാവുക. എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പേപ്പറുകളാണുള്ളത്. ബി.ആര്‍ക് കോഴ്സിന് ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയുണ്ട്.

ബി.ഫാം കോഴ്സിലേക്കുള്ള പ്രവേശനം മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ കെമിസ്ട്രി, ഫിസിക്സ് പേപ്പറിനെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും നടത്തുക.

പരീക്ഷാസമയം
സാധാരണഗതിയില്‍ ഏപ്രില്‍/മെയ് മാസത്തിലാണ് എന്‍ട്രന്‍സ് പരീക്ഷാ സമയം. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ന്യൂഡല്‍ഹിയിലും വച്ചാണ് പരീക്ഷ നടത്തുന്നത്.

മെഡിക്കല്‍/അഗ്രിക്കള്‍ച്ചറല്‍ കോഴ്സുകള്‍


ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തമായി 50 ശതമാനം മാര്‍ക്കും ബയോളജിക്ക് പ്രത്യേകമായി 50 ശതമാനം മാര്‍ക്കും നേടി കേരളാ ഹയര്‍സെക്കന്‍ഡറിയോ തത്തുല്യമായ പരീക്ഷയോ ജയിച്ചവര്‍ക്കാണ് മെഡിക്കൽ/അഗ്രികൾച്ചറൽ കോഴ്സുകൾക്കായുള്ള പ്രവേശന പരീക്ഷ എഴുതാൻ യോഗ്യത.

ഫിസിക്സ്, സുവോളജി, ബോട്ടണി, ബയോ കെമിസ്ട്രി എന്നിവയില്‍ ഏതെങ്കിലുമൊന്ന് മുഖ്യവിഷയമായോ അല്ലെങ്കില്‍ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം ഉപ വിഷയമായോ പഠിച്ച് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.എസ്.സി. ഡിഗ്രിയെടുത്തവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയെഴുതാം. ഇവര്‍ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഐച്ഛിക വിഷയങ്ങളായി പ്രീഡിഗ്രി അല്ലെങ്കില്‍ കേരള പ്ലസ് ടു ജയിച്ചിരിക്കണം.

പഞ്ചവത്സര LLB പ്രവേശന പരീക്ഷ


കേരളത്തിലെ വിവിധ സർവ്വകലാശാലകൾ നടത്തുന്ന പഞ്ചവത്സര എല്‍.എല്‍.ബി. ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷയാണിത്. പ്ലസ്ടുവാണ് പ്രവേശന പരീക്ഷയെഴുതാനുള്ള അടിസ്ഥാന യോഗ്യത.

വിദ്യാഭ്യാസ യോഗ്യത:
കേരള സര്‍ക്കാരിന്‍റെ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് നടത്തുന്ന പ്ലസ്ടു വിജയിച്ചിരിക്കണം അല്ലെങ്കില്‍ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികള്‍ അംഗീകരിച്ച യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച പ്ലസ്ടു പരീക്ഷയോ സമാനമായ പരീക്ഷയോ വിജയിച്ചിരിക്കണം.
യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷയെഴുതാം. അപേക്ഷകര്‍ കൗണ്‍സിലിംഗ് സമയത്ത് പാസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

യോഗ്യതാ പരീക്ഷയില്‍ 40 ശതമാനത്തില്‍ കുറഞ്ഞ മാര്‍ക്കു നേടിയവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 35 ശതമാനം മാര്‍ക്കുമതി.

നിബന്ധനകള്‍
അപേക്ഷകര്‍ കേരളീയരായ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം.
നേറ്റിവിറ്റി തെളിയിക്കാന്‍, കേരളത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞവര്‍ പന്ത്രണ്ടുവര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും കേരളത്തില്‍ പഠിച്ചവരാണെന്നതിന് സ്ഥാപനത്തിന്‍റെ മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ അപേക്ഷകരോ അവരുടെ മാതാവോ പിതാവോ കേരളത്തില്‍ ജനിച്ചവരാണെന്ന് വില്ലേജ് ഓഫീസറോ തഹസില്‍ദാരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയിരിക്കണം :
പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും കേരളത്തില്‍ താമസിച്ചവരാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെയോ തഹസില്‍ദാരുടെയോ സാക്ഷ്യപത്രം.

വയസ്സ്
അപേക്ഷകന് ഡിസം.31ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയില്‍ ഇളവില്ല. വയസ്സ് തെളിയിക്കുന്ന എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

ക്യാറ്റ് (CAT- Common Admission Test)


ഇന്ത്യയിലുള്ള എല്ലാ ഐ.ഐ.എം.(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്) സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഫെല്ലോ-ഡോക്ടറല്‍ പ്രോഗ്രാമുകളിലേക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷയാണിത്.

വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയവും മികച്ച അക്കാദമിക് പശ്ചാത്തലവുമുള്ള അപേക്ഷകര്‍ക്ക് പ്രവേശനത്തിന് മുന്‍ഗണന നല്‍കും.

തിരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യൂ തുടങ്ങിയവയിൽ അപേക്ഷകന്‍റെ മികവ് കണക്കിലെടുത്താണ് പ്രവേശനം നല്‍കുക. എഴുത്തുപരീക്ഷ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്.

അപേക്ഷകന്‍റെ ധാരണാശേഷി, പ്രശ്നപരിഹാര സാമര്‍ത്ഥ്യം, വസ്തുതാ അപഗ്രഥന സാമര്‍ത്ഥ്യം, ഭാഷാനൈപുണ്യം, പൊതുവായും വാണിജ്യ കാര്യങ്ങളിലുമുള്ള അപേക്ഷകന്‍റെ അറിവ്, ഇവയെല്ലാം ക്യാറ്റില്‍ പരീക്ഷിക്കുന്നു. എഴുത്തുപരീക്ഷയിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് അപേക്ഷകനെ ഗ്രൂപ്പ് ഡിസ്കഷനും ഇന്‍റര്‍വ്യൂവിനും ക്ഷണിക്കുന്നത്. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ.

പരീക്ഷാ സമയം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് നടത്തുന്ന ഈ പരീക്ഷ ഡിസംബറിലാണ് നടക്കുക. ആഗസ്റ്റ്/ സെപ്തംബര്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കാറുണ്ട്. മാര്‍ച്ച്/ ഏപ്രില്‍ മാസങ്ങളിലാണ് സാധാരണയായി പ്രവേശനം നടക്കുക.

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് കോയമ്പത്തൂര്‍, ടി.എ.പി.എം.ഐ. യൂണിവേഴ്സിറ്റി, ഇര്‍മ ഇന്‍സ്റ്റിറ്റ്യൂട്ട് അഹമ്മദാബാദ്, എം.ഐ.സി.എ. അഹമ്മദാബാദ്, ഐ.എം.ഐ. ന്യൂഡല്‍ഹി, കിര്‍ലോസ്ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹരിഹര്‍, ജി.ഐ.എം. ഗോവ എന്നിവിടങ്ങളിലെല്ലാം ക്യാറ്റ് പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഗ്രാജ്വേറ്റ് മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലെ (ജി-മാറ്റ്) നിലവാരമാണ് ഇവിടെ കണക്കിലെടുക്കുക. ക്യാറ്റ് കൂടാതെ സ്വന്തം നിലയില്‍ പരീക്ഷ നടത്തി അപേക്ഷകരെ തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളുമുണ്ട്.

CUSAT CAT (Cochin University of Science And Technology Common Admission Test)


ബയോടെക്നോളജി, ബോട്ടണി കെമിക്കൽ എഞ്ചിനീയറിംഗ്,കെമിസ്ട്രി, ഇലക്ട്രോണിക്സ്, മാനേജ്മെൻ്റ് കൺസൾട്ടിംഗ്,മൊബൈൽഫോൺ ആപ്ലിക്കേഷൻ ഡവലപ്മെൻ്റ്, ബിടെക് ലാറ്ററൽ എൻട്രി എന്നിവയിലേക്കാണ് കുസാറ്റ് ക്യാറ്റ് നടത്തുന്നത്.

പ്രവേശന രീതി
പി.എച്ച്.ഡി, എം.ഫില്‍, എം.ടെക് എന്നിവ ഒഴികെയുള്ള എല്ലാ കോഴ്സുകളിലും പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ്) റാങ്ക് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഹിന്ദി, മറ്റു വിദേശഭാഷകളിലുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ക്ക് എന്നിവക്ക് അതാത് ഡിപ്പാര്‍ട്ടുമെന്‍റുകള്‍ പരീക്ഷ നടത്തും.

ബി.ടെക് പരീക്ഷയ്ക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള രണ്ടു പരീക്ഷകള്‍ ഉണ്ടാകും. പി.ജി. കോഴ്സുകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പരീക്ഷയായിക്കും നടക്കുക., എല്‍.എല്‍.ബി., എം.സി.എ. തുടങ്ങിയ കോഴ്സുകള്‍ക്ക് അതാത് മേഖലകളില്‍ വിദ്യാര്‍ത്ഥിയുടെ അഭിരുചിയും കഴിവും അളക്കുന്ന തരത്തിലാണ് പരീക്ഷ.

എം.ബി.എ, എം.ബി.ഇ, എം.ഐ.സി. തുടങ്ങിയ വിഷയങ്ങള്‍ക്ക് മാനേജ്മെന്‍റ് അഭിരുചി പരീക്ഷയാണ് ഉണ്ടാവുക. ഇതിനുപുറമേ എല്‍.എല്‍.ബി., എല്‍.എല്‍.എം., എം.ബി.എഫ്., എം.എസ്.സി. ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ആന്‍ഡ് ഡിപ്ലോമ ഇന്‍ എക്സ്പോര്‍ട്ട് മാനേജ്മെന്‍റ് എന്നിവയ്ക്ക് ഗ്രൂപ്പ് ഡിസ്കഷനും ഇന്‍റര്‍വ്യൂവും ഉണ്ടായിരിക്കും.

കുസാറ്റ് പ്രവേശന പരീക്ഷ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്താറുണ്ട്. ജനുവരിയില്‍ അപേക്ഷ ക്ഷണിക്കും. പരീക്ഷ ഏപ്രില്‍ മാസത്തിലുണ്ടാകും.

കുസാറ്റ് ക്യാറ്റ്; അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ നടത്തുക.
വിശദമായി പൂരിപ്പിച്ച അപേക്ഷാ ഫോം, പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവയടക്കം ആവശ്യമായ രേഖകളെല്ലാം അപ് ലോഡ് ചെയ്യുക.
കോഴ്സ് പരീക്ഷാ കേന്ദ്രം എന്നിവ തിരഞ്ഞെടുത്ത് ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
നിർദ്ദേശിച്ച സമയത്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ജെ.ഇ.ഇ മെയിൻ (JEE main – All India Engineering Entrance Exam)


ഡീംഡ് സര്‍വകലാശാലകളിലും ഐ.ഐ.റ്റി.കള്‍ ഒഴികെയുള്ള മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് ചേര്‍ന്നു പഠിക്കാനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയാണ് JEE.സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്ക് മെറിറ്റ്, മാനേജ്മെൻ്റ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത് ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്. സി.ബി.എസ്.ഇ. (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍) യാണ് അഖിലേന്ത്യ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടത്തുക

വിവിധ സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷകളുടെ മാതൃകയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ തയ്യാറാക്കിയിരിക്കുന്നത്.

യോഗ്യത
അപേക്ഷകന്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. പ്രവേശന പരീക്ഷ നടക്കുന്ന സമയം അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

നീറ്റ് (The National Eligibility cum Entrance Test – NEET)


ആന്ധ്രാപ്രദേശ്, ജമ്മുകാശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മെഡിക്കല്‍, ഡെന്‍റല്‍ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലായി നീക്കിവച്ചിട്ടുള്ള 15 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ളതാണ് ഈ പരീക്ഷ. ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷനാണ് (സി.ബി.എസ്.ഇ.) അഖിലേന്ത്യാ തലത്തിലുള്ള ഈ പ്രവേശന പരീക്ഷ നടത്തുന്നത്.

പരീക്ഷാസമയം
ഒക്ടോബര്‍/നവംബര്‍ മാസങ്ങളില്‍ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിക്കും. ഏപ്രില്‍/മെയ് മാസത്തിലാണ് പരീക്ഷ നടക്കുക. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങള്‍ പരീക്ഷാകേന്ദ്രങ്ങളാണ്.

യോഗ്യത
പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ജയിച്ചവരായിരിക്കണം. (ഓരോ വിഷയവും പ്രത്യേകം വിജയിച്ചിരിക്കണം). പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്ക് മതി.

വിദേശങ്ങളില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെയും ബന്ധപ്പെട്ട യൂണിവേഴ്സിറ്റികളുടെയും അംഗീകാരം ഉണ്ടെങ്കില്‍ പ്രവേശന പരീക്ഷ എഴുതാവുന്നതാണ്.

പരീക്ഷാരീതി
ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി) എന്നീ വിഷയങ്ങളിലെ ഒബ്ജക്ടീവ് ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 200 ചോദ്യങ്ങളാണുള്ളത്. ശരി ഉത്തരത്തിന് നാലു മാര്‍ക്ക് ലഭിക്കും. ഉത്തരം തെറ്റാണെങ്കിൽ ഒരു മാര്‍ക്ക് കുറയും. ഇംഗ്ലീഷും ഹിന്ദിയുമാണ് പരീക്ഷാ മാധ്യമം. പ്രവേശന പരീക്ഷാഫലം സാധാരണയായി ജൂണ്‍ മാസത്തിലാണ് പ്രസിദ്ധീകരിക്കുക .

ഐ ഐ ടി പൊതുപ്രവേശന പരീക്ഷ( IIT Common Entrance Test)


ഇന്ത്യയിലെ വിവിധ ഐ.ഐ.ടി.കളില്‍ ബി.ടെക്, ബി.ഫാം, ഇന്‍റഗ്രേറ്റഡ് എം.എസ്.സി, ഇന്‍റഗ്രേറ്റഡ് എം.എസ് തുടങ്ങിയ കോഴ്സുകള്‍ക്ക് പഠിക്കാനുള്ള സംയുക്ത പ്രവേശന പരീക്ഷയാണിത്. ഐ.ഐ.ടി.-ജെ.ഇ.ഇ. പ്രവേശന പരീക്ഷയില്‍ ലഭിക്കുന്ന റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ, ഗുവാഹത്തി, ന്യൂഡല്‍ഹി, മുംബൈ, കണ്‍പൂര്‍, ഖരക്പൂര്‍, തുടങ്ങിയ ഐ.ഐ.ടി.കളില്‍ പ്രവേശനം നടത്തുന്നത്. ഇന്ത്യയിലെ മറ്റു ചില സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐ.ഐ.ടി.-ജെ.ഇ.ഇ. യോഗ്യതാപരീക്ഷയായി അംഗീകരിച്ചിട്ടുണ്ട്

ജനുവരി ആദ്യവാരം നടക്കുന്ന സ്ക്രീനിംഗ് ടെസ്റ്റ്, മെയ് മാസത്തില്‍ നടക്കുന്ന പ്രധാന പ്രവേശന പരീക്ഷ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പ്രവേശന പരീക്ഷ നടക്കുക. പ്ലസ്ടുവോ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ച് ജയിച്ച പ്ലസ്ടുവിന് തുല്യമായ പരീക്ഷയോ ആണ് ഐ.ഐ.ടി. സംയുക്ത പ്രവേശന പരീക്ഷയെഴുതാനുള്ള അടിസ്ഥാന യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. അപേക്ഷകന് ഒക്ടോബര്‍ ഒന്നിന് പതിനാറു വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 21 വയസ്സ്.

ഗേറ്റ് (GATE- Graduate Aptitude Test in Engineering)


സാങ്കേതിക വിദ്യാഭ്യാസരംഗത്തെ ബിരുദാനന്തര ബിരുദ പഠനത്തിനായുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയാണ് ഗേറ്റ് ( ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിംഗ്). ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര മാനവശേഷി വികസന വകുപ്പിന്‍റെ സ്കോളര്‍ഷിപ്പോടെ ഐ.ഐ.ടികള്‍. എന്‍.ഐ.ടികള്‍ തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പഠിക്കാം. ചില സ്വാശ്രയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് ഗേറ്റ് അടിസ്ഥാന യോഗ്യതയാക്കിയിട്ടുണ്ട്.

യോഗ്യത
എഞ്ചിനീയറിംഗ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഗേറ്റ് പ്രവേശന പരീക്ഷയെഴുതാം.
ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ശാസ്ത്രവിഷയങ്ങള്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷയെഴുതാനുള്ള അവസരമുണ്ട്.
എഞ്ചിനീയറിംഗില്‍ നാലു വര്‍ഷമുള്ള ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി (പോസ്റ്റ് ബി.എസ്.സി.) വിദ്യാര്‍ത്ഥികള്‍ക്കും പഞ്ചവത്സര മാസ്റ്റേഴ്സ് ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും ദ്വിവത്സര ഡ്യുവല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും ഗേറ്റ് പരീക്ഷയെഴുതാം. നാലുവര്‍ഷമുള്ള ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രിയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രിയിലെ ഒന്നും രണ്ടുംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷയെഴുതാനുള്ള അര്‍ഹതയില്ല.
യു.പി.എസ്.സി./എ.ഐ.സി.ടി.ഇ എന്നിവ അംഗീകരിച്ച ബി.ഇ./ബി.ടെക് എന്നിവക്ക് തുല്യമായ യോഗ്യതയുള്ളവര്‍ക്കും ഗേറ്റ് എഴുതാം.

ഡിസൈന്‍ കോഴ്സിലേക്കുള്ള പൊതുപ്രവേശന പരീക്ഷ(Common Entrance Examination for Design- CEED)


ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളില്‍ ഡിസൈന്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് ചേര്‍ന്നു പഠിക്കാനുള്ള പൊതു പ്രവേശന പരീക്ഷയാണ് സീഡ്(CEED). കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മാനവശേഷി വികസന വകുപ്പിനുവേണ്ടി ഐ.ഐ.ടി. മുംബൈ, ഐ.ഡി.ഡി.സി, ഐ.ഐ.ടി. ഡല്‍ഹി, സി.പി.എം.ഡി, ഐ.ഐ.എസ്.സി.ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ എം.ഡെസ് കോഴ്സുകള്‍ക്കുള്ള യോഗ്യതാപരീക്ഷയാണിത്. സീഡിനു പുറമേ ഓരോ സ്ഥാപനങ്ങളും നടത്തുന്ന പ്രവേശനപരീക്ഷയും ഇന്‍റര്‍വ്യൂവും ഉണ്ടാവും.

യോഗ്യത
എഞ്ചിനീയറിംഗിലോ സമാനമായ ഏതെങ്കിലും വിഷയത്തിലോ ഉള്ള ബിരുദം.
ആര്‍ക്കിടെക്ചറിലോ സമാനമായ ഏതെങ്കിലും വിഷയത്തിലോ ഉള്ള ബിരുദം.
ഇന്‍റീരിയര്‍ ഡിസൈനിംഗിലുള്ള സി.ഇ.പി.ടി. പ്രൊഫഷണല്‍ ഡിപ്ലോമ (അഞ്ച് വര്‍ഷം).
ബി.എഫ്.എ. (ഫൈന്‍ ആര്‍ട്ട്/ അപ്ലൈഡ് ആര്‍ട്ട്), ജി.സി. ആര്‍ട്ട് (അഞ്ച് വര്‍ഷം)
എന്‍.ഐ.ഡി. പ്രൊഫഷണല്‍ ഡിപ്ലോമ

പരീക്ഷാരീതി
വിഷ്വല്‍ പെര്‍സപ്ഷന്‍ എബിലിറ്റി, ഡ്രോയിംഗ് സ്കില്‍സ്, ഡിസൈന്‍ ആപ്റ്റിറ്റ്യൂഡ്, കമ്മ്യൂണിക്കേഷന്‍ സ്കില്‍, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള രണ്ട് പേപ്പറുകളാണ് ഈ പ്രവേശന പരീക്ഷയിലുള്ളത്.

MAT( മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്)


പ്രമുഖ മാനേജ്മെന്‍റ് പഠന കേന്ദ്രങ്ങളില്‍ എം.ബി.എ, പി.ജി.ഡിപ്ലോമ എന്നിവയുടെ പ്രവേശനം മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ്. നാല്പത്തിയഞ്ചോളം പ്രധാന മാനേജ്മെന്‍റ് സ്ഥാപനത്തിലേക്കുള്ള പൊതു പ്രവേശന പരീക്ഷയാണിത്. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനാണ് MAT നടത്തുന്നത്.

യോഗ്യത
അംഗീകൃത സര്‍വകലാശാല ബിരുദമാണ് മാറ്റിന് അപേക്ഷിക്കുവാന്‍ വേണ്ട യോഗ്യത. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

പരീക്ഷാ രീതി
ഒബ്ജക്റ്റീവ് രീതിയിലുള്ള 200 ചോദ്യങ്ങളാണ് മാറ്റില്‍ ഉണ്ടാകുക. പരീക്ഷാര്‍ത്ഥിയുടെ പൊതു വിജ്ഞാനം, ഭാഷാ സമാഹരണം, വസ്തുതാ വിശകലനം, യുക്തി ചിന്ത എന്നിവ പരീക്ഷിക്കുന്നതാവും ചോദ്യങ്ങള്‍. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. രണ്ടര മണിക്കൂർ ആണ് പരീക്ഷക്ക് അനുവദിച്ചിട്ടുള്ള സമയം.

പരീക്ഷാ സമയം
ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നത്. സെപ്റ്റംബറോടു കൂടി പരീക്ഷ നടത്തും.

സി എസ് ഐ ആർ – യുജിസി നെറ്റ് പരീക്ഷ (CSIR – UGC NET EXAM)


ഇന്ത്യയിൽ പി.എച്ച്.ഡി. ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതിനും സർവ്വകലാശാലാതലത്തിൽ അധ്യാപകമേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതിനും വേണ്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ വിജയിച്ചിരിക്കേണ്ട ദേശീയ നിലവാരത്തിലുള്ള യോഗ്യതാപരീക്ഷയാണ് ‘ദേശീയ യോഗ്യതാ പരീക്ഷ’ അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET). ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കായി യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷനാണ് (UGC) യു.ജി.സി.-നെറ്റ് എന്ന പേരിൽ ഈ പരീക്ഷ നടത്തുന്നത്. എന്നാൽ സയൻസ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻ്റ് ഇൻ്റസ്ട്രിയൽ റിസർച്ചും (CSIR) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷനും ചേർന്ന് സി.എസ്.ഐ.ആർ-യു.ജി.സി-നെറ്റ് എന്ന പേരിലാണ് പരീക്ഷ നടത്തുന്നത്.

യോഗ്യത
ശാസ്ത്ര മാനവിക വിഷയങ്ങളില്‍ ചുരുങ്ങിയത് 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് ഈ പരീക്ഷയെഴുതാനുള്ള അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദ പരീക്ഷ ജയിച്ചാല്‍ മാത്രമേ ഇവരെ ജെ.ആര്‍.എഫ്. ലക്ചറര്‍ഷിപ്പ് യോഗ്യത നേടിയവരായി കണക്കാക്കുകയുള്ളൂ.

നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 28 വയസ്സാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും പെണ്‍കുട്ടികള്‍ക്കും അഞ്ച് വര്‍ഷവും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. ജൂണ്‍ മാസത്തിലും ഡിസംബറിലുമാണ് പരീക്ഷകള്‍ നടക്കുന്നത്.

പരീക്ഷാ രീതി
തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ അധിഷ്ഠിത പരീക്ഷ നടക്കുക.റോള്‍നമ്പറിനനുസരിച്ച് പരീക്ഷാകേന്ദ്രത്തില്‍ കംപ്യൂട്ടറുകള്‍ സജ്ജീകരിച്ചിരിക്കും. ലോഗിന്‍ സ്‌ക്രീനില്‍ പരീക്ഷാര്‍ഥിയുടെ ഫോട്ടോയും വിഷയവും നൽകിയിട്ടുണ്ടാകും. യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം

അധ്യാപന, ഗവേഷണ അഭിരുചികള്‍ വിലയിരുത്തുന്ന ഒന്നാംപേപ്പറും തിരഞ്ഞെടുത്ത വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള രണ്ടും മൂന്നും പേപ്പറുകളുമാണ് ഈ പരീക്ഷക്കുള്ളത്.
.
പേപ്പര്‍ ഒന്നില്‍ (ജനറല്‍ പേപ്പര്‍) ഒരു ചോദ്യത്തിന് രണ്ട് മാര്‍ക്ക് വീതം 50 ചോദ്യങ്ങളിലായി 100 മാര്‍ക്കിനായിരിക്കും പരീക്ഷ. ഒരു മണിക്കൂർ സമയമുണ്ടായിരിക്കും. പേപ്പര്‍ രണ്ടില്‍ (വിഷയാധിഷ്ഠിതം) 100 ചോദ്യങ്ങളിലായി 200 മാര്‍ക്കിനാണ് പരീക്ഷ. പരീക്ഷ അവസാനിക്കുന്ന സമയംവരെ തിരഞ്ഞെടുത്ത ഉത്തരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും.

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET)


സംസ്ഥാനത്തെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയാണ് SET (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്). ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് ഈ പരീക്ഷയെഴുതാനുള്ള അടിസ്ഥാന യോഗ്യത.

യോഗ്യത
50 ശതമാനത്തില്‍ കുറയാത്ത സെക്കന്‍റ് ക്ലാസ് ബിരുദാനന്തര ബിരുദവും ബി.എഡും അപേക്ഷകര്‍ക്കുണ്ടാവണം. ബിരുദാനന്തര ബിരുദം കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയില്‍ നിന്ന് ലഭിച്ചതോ അതിന് തുല്യമായതോ ആവണം.
എന്‍.സി.ഇ.ആര്‍.ടി. അംഗീകരിച്ച റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും 50 ശതമാനത്തില്‍ കുറയാത്ത എം.എസ്.സി, ബി.എഡ് ബിരുദമുള്ളവര്‍ക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ സെറ്റ് പരീക്ഷയെഴുതാം.
ലൈഫ് സയന്‍സില്‍ 50 ശതമാനത്തില്‍ കുറയാത്ത എം.എസ്.സി, ബി.എഡ് ബിരുദമുള്ളവര്‍ക്ക് ബോട്ടണി, സുവോളജി, എന്നീ വിഷയങ്ങളില്‍ സെറ്റ് പരീക്ഷയെഴുതാം.
ആന്ത്രോപ്പോളജി, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ഹോംസയന്‍സ്, ജേര്‍ണലിസം, മ്യൂസിക്, സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍, സിറിയക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ബി.എഡ് ആവശ്യമില്ല.
കറസ്പോണ്ടന്‍സ് കോഴ്സുകളോ ഓപ്പണ്‍ യൂണിവേഴ്സിറ്റികളോ വഴി കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും സെറ്റ് പരീക്ഷയെഴുതാം.
50 ശതമാനത്തില്‍ കുറയാത്ത ഇംഗ്ലീഷ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇംഗ്ലീഷ് ഭാഷയിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും സെറ്റ് പരീക്ഷയെഴുതാം.
ഈ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

സിവില്‍ സര്‍വ്വീസ് പരീക്ഷ


ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്. തുടങ്ങി ഭരണ നിര്‍വഹണത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന അഖിലേന്ത്യ സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മത്സര പരീക്ഷയാണിത്.

യോഗ്യത
അംഗീകൃത സര്‍വകലാശാല ബിരുദമാണ് ഈ പരീക്ഷ എഴുതുവാന്‍ വേണ്ട അടിസ്ഥാന യോഗ്യത.

പ്രായം
സിവൽ സർവ്വീസ് പരീക്ഷക്ക് അപേക്ഷിക്കാൻ പ്രായം 21നും 30നും മദ്ധ്യേ ആയിരിക്കണം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെയും പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്.

പരീക്ഷാ രീതി
പ്രിലിമിനറി, മെയിന്‍, ഇന്‍റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ഈ പരീക്ഷ നടക്കുന്നത്.മെയിന്‍ പരീക്ഷയിലേക്കുള്ള ഒരു യോഗ്യതാപരീക്ഷ മാത്രമാണ് പ്രിലിമിനറി. മെയിന്‍, ഇന്‍റര്‍വ്യൂ എന്നിവയില്‍ നേടുന്ന മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുന്നത്.

പ്രിലിമിനറി പരീക്ഷ
സിവില്‍ സര്‍വീസ് പരീക്ഷയുടെ ഒന്നാംഘട്ടമായ പ്രിലിമിനറി പരീക്ഷയില്‍ രണ്ട് ഒബ്ജക്ടീവ് പേപ്പറുകളാണുള്ളത്. ആദ്യ പേപ്പര്‍ പൊതുവിജ്ഞാനത്തെക്കുറിച്ചും രണ്ടാമത്തേത് ഐച്ഛിക വിഷയമാണ്. ഇതില്‍ പരീക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള 23 മാനവിക-ശാസ്ത്ര വിഷയങ്ങളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അഗ്രിക്കള്‍ച്ചര്‍, ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, സിവില്‍ എഞ്ചിനീയറിംഗ്, കൊമേഴ്സ്, ഗണിതശാസ്ത്രം, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ സയന്‍സ്, ഫിലോസഫി, ഭൗതികശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ജ്യോഗ്രഫി, ജിയോളജി, ഇന്ത്യന്‍ ഹിസ്റ്ററി, നിയമം, മന:ശാസ്ത്രം, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, സാമൂഹിക ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, എന്നിവയാണ് ഐച്ഛിക വിഷയങ്ങള്‍.

ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീംമാംസ, ഭരണഘടന, മാനസികാപഗ്രഥനം, കണക്കിലെ സാമാന്യതത്വങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ 150 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ പൊതുവിജ്ഞാന പരീക്ഷയില്‍ ഉണ്ടാകും. ഐച്ഛിക വിഷയത്തില്‍ ബിരുദാനന്തര ബിരുദതലത്തിലുള്ള ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാവുക. പരീക്ഷാര്‍ത്ഥിക്ക് തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ പ്രായോഗിക തലത്തിലുള്ള അറിവാണ് ഇതില്‍ പരീക്ഷിക്കുന്നത്. ഈ പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായം ഇല്ല. പ്രിലിമിനറി പരീക്ഷ സാധാരണ മെയ് മാസത്തിലാണ് നടക്കുന്നത്.

മെയിന്‍ പരീക്ഷ
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജയിച്ചവര്‍ക്ക് ഉള്ളതാണ് മെയിന്‍ പരീക്ഷ. ഉദ്യോഗാര്‍ത്ഥിയുടെ അറിവ് ശരിയായി വിലയിരുത്തുന്ന എഴുത്തുപരീക്ഷയാണിത്.

ഇതില്‍ ഉദ്യോഗാര്‍ത്ഥികള്‍, ഉള്‍പ്പെടുത്തിയിട്ടുള്ള 26 വിഷയങ്ങളില്‍ രണ്ടെണ്ണം ഐച്ഛികമായെടുത്ത് പരീക്ഷയെഴുതണം. ഐച്ഛിക വിഷയങ്ങളിലുള്ള നാലു പരീക്ഷ ഉള്‍പ്പെടെ മൊത്തം ഒമ്പത് പേപ്പറുകളാണ് ഈ പരീക്ഷയ്ക്കുള്ളത്.

പേപ്പര്‍. 1. ഇന്ത്യന്‍ ലാംഗ്വേജ്: ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 18 ഇന്ത്യൻ ഭാഷകളിലേതെങ്കിലുമൊന്ന് അപേക്ഷകന് തിരഞ്ഞെടുക്കാം.(300 മാര്‍ക്ക്)

പേപ്പര്‍.2. ഇംഗ്ലീഷ് (300 മാര്‍ക്ക്)

പേപ്പര്‍. 3 ഉപന്യാസം(200 മാര്‍ക്ക്)

പേപ്പര്‍ 4, 5. പൊതുവിജ്ഞാനം (300 മാര്‍ക്ക് വീതം)

പേപ്പര്‍ 6,7. ഓപ്ഷണല്‍ വിഷയം 1 (300 മാര്‍ക്ക്)

പേപ്പര്‍ 8, 9. ഓപ്ഷണല്‍ വിഷയം 2. (300 മാര്‍ക്ക്)

മെയിന്‍ എഴുത്തുപരീക്ഷയ്ക്ക് ആകെ 2000 മാര്‍ക്കാണുള്ളത്.
ഇന്ത്യന്‍ ലാംഗ്വേജിലും ഇംഗ്ലീഷിലുമുള്ള മാര്‍ക്കുകള്‍ക്ക് റാങ്ക് നിര്‍ണയിക്കുന്നതില്‍ പങ്കില്ലെങ്കിലും ഇവയില്‍ ശരാശരി നിലവാരം പുലര്‍ത്തിയാല്‍ മാത്രമേ മറ്റു പേപ്പറുകള്‍ പരിഗണിക്കുകയുള്ളൂ. ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് മെയിന്‍ പരീക്ഷയുടെ സമയം. മെയിന്‍ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കാവുന്ന 26 ഓപ്ഷണല്‍ വിഷയങ്ങളുണ്ട്.

ഇന്‍റര്‍വ്യൂ
ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിത്വ പരിശോധനയ്ക്ക് ഇവിടെ പ്രാധാന്യം നല്‍കുന്നു. 300 മാര്‍ക്കാണ് ഇന്‍റര്‍വ്യൂവിലുള്ളത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ഇന്‍റര്‍വ്യൂ നടത്തുക.

അഖിലേന്ത്യ സര്‍വ്വീസസ് പരീക്ഷകള്‍

  1. സെന്‍ട്രല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ എക്സാമിനേഷന്‍
    കേന്ദ്ര പോലീസ് സേനയിലേക്ക് അസിസ്റ്റന്‍റ് കമാന്‍ഡന്‍ഡുമാരെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണിത്.

യോഗ്യത
അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 20നും 25നും മദ്ധ്യേ ആയിരിക്കണം. സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്. എന്നിവയിലേക്ക് പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.ബി, ബി.എസ്.എഫ്, ഐ.റ്റി.ബി.പി. എന്നിവയിലേക്ക് ആണ്‍കുട്ടികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

പരീക്ഷാരീതി
എഴുത്തു പരീക്ഷക്ക് രണ്ടു പേപ്പറാണുള്ളത്. ജനറല്‍ എബിലിറ്റി ആന്‍ഡ് ഇന്‍റലിജന്‍സ് (ഒബ്ജക്ടീവ് രീതി-250 മാര്‍ക്ക്) ആണ് ഒന്നാമത്തെ പേപ്പര്‍.
ഉപന്യാസം, സംഗ്രഹിച്ചെഴുതൽ, കോംപ്രിഹെന്‍ഷന്‍ (ഭാഷാഗ്രഹണ പരീക്ഷ) എന്നീ പേപ്പറുകള്‍ അടങ്ങിയ എഴുത്തുപരീക്ഷയാണ് രണ്ടാംപേപ്പര്‍. ഈ പരീക്ഷ ഉത്തരമെഴുതേണ്ട തരത്തിലുള്ളതാണ്. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരെ ഫിസിക്കല്‍, മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് വിളിക്കും. അതു കഴിഞ്ഞാല്‍ ഇന്‍റര്‍വ്യൂ ഉണ്ടാകും(200 മാര്‍ക്ക്).

പരീക്ഷാസമയം
മെയ് മാസത്തില്‍ അപേക്ഷ ക്ഷണിക്കും. ഒക്ടോബറിലാണ് പരീക്ഷ നടത്തുന്നത്.

  1. എഞ്ചിനീയറിംഗ് സര്‍വീസ് എക്സാമിനേഷന്‍
    ഇന്ത്യന്‍ റെയില്‍വേ എഞ്ചിനീയറിംഗ് സര്‍വീസുകള്‍, സെന്‍ട്രല്‍ എഞ്ചിനീയറിംഗ് സര്‍വീസ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് (എഞ്ചിനീയറിംഗ്) സര്‍വീസ്, ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസ്, മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് തുടങ്ങിയ പതിനെട്ടോളം വരുന്ന കേന്ദ്ര എഞ്ചിനീയറിംഗ് സര്‍വീസുകളിലേക്ക് ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള അഖിലേന്ത്യാ മത്സരപരീക്ഷയാണിത്.

യോഗ്യത
അംഗീകൃത എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. വയര്‍ലസ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ് അല്ലെങ്കില്‍ റേഡിയോ എഞ്ചിനീയറിംഗ് എന്നിവ മുഖ്യ വിഷയങ്ങളായി എം.എസ്.സി. കഴിഞ്ഞവര്‍ക്കും ചില വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകന് 21നും 30നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം.

പരീക്ഷാരീതി
എഴുത്തുപരീക്ഷയ്ക്ക് ആകെ അഞ്ചു പേപ്പറുകളാണുള്ളത്. ഒബ്ജക്ടീവ് രീതിയിലുള്ള പേപ്പര്‍ ഒന്ന് ജനറല്‍ എബിലിറ്റി പരീക്ഷയാണ്. ആകെ 200 മാർക്ക് ആയിരിക്കും ലഭിക്കുക.ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ സ്റ്റഡീസ് എന്നിങ്ങനെ പേപ്പര്‍ ഒന്നിന് രണ്ട് ഭാഗങ്ങളുണ്ടാവും.

പേപ്പര്‍ രണ്ട്, മൂന്ന് എന്നിവ ഒബ്ജക്ടീവ് രീതിയിലുള്ളവയാണ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയാണ് വിഷയങ്ങള്‍.

നാലാമത്തെയും അഞ്ചാമത്തെയും പേപ്പറുകള്‍ ഉത്തരമെഴുതേണ്ട രീതിയിലുള്ളവയാണ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയാണ് വിഷയങ്ങള്‍.

പേപ്പര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിവയില്‍ ഓരോ പേപ്പറിനും 200 മാര്‍ക്ക് വീതമാണ് ഉള്ളത്. എഴുത്തുപരീക്ഷയ്ക്ക് ആകെ 1000 മാര്‍ക്കുണ്ടാകും. ഇന്‍റര്‍വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റിന്) 200 മാര്‍ക്കുണ്ടാകും.

പരീക്ഷാസമയം
ജനുവരി-ഫെബ്രുവരി മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും. ജൂണ്‍-ജൂലായ് മാസത്തിലാണ് പരീക്ഷ നടക്കുന്നത്.

  1. ജിയോളജിസ്റ്റ് എക്സാമിനേഷന്‍
    ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കേന്ദ്ര ഭൂഗര്‍ഭജല വകുപ്പ് (സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ്) എന്നീ വകുപ്പുകളിലെ ജിയോളജിസ്റ്റ് തസ്തികകളിലേക്കുള്ള നിയമനം ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്.

യോഗ്യത
ജിയോളജി, അപ്ലൈഡ് ജിയോളജി, മറൈന്‍ ജിയോളജി എന്നീ വിഷയങ്ങളില്‍ അംഗീകൃത ബിരുദം അല്ലെങ്കില്‍ ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സില്‍ നിന്ന് അപ്ലൈഡ് ജിയോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ മിനറല്‍ എക്സ്പ്ലൊറേഷനില്‍ അംഗീകൃത പി.ജി.ബിരുദം അല്ലെങ്കില്‍ ഹൈഡ്രോ ജിയോളജിയില്‍ അംഗീകൃത പി.ജി. ബിരുദം എന്നിവ ആണ് അടിസ്ഥാന യോഗ്യത. പ്രായം 21നും 32നും മദ്ധ്യേ ആയിരിക്കണം.

പരീക്ഷാ രീതി
ഇന്‍റര്‍വ്യൂ, എഴുത്തുപരീക്ഷ എന്നിവയിലെ മികവിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജനറല്‍ ഇംഗ്ലീഷ് (100 മാര്‍ക്ക്), ജിയോളജി പേപ്പര്‍-1, 2, 3 (600 മാര്‍ക്ക്), ഹൈഡ്രോജിയോളജി (200 മാര്‍ക്ക്) എന്നിങ്ങനെ എഴുത്തുപരീക്ഷക്ക് മൊത്തം അഞ്ച് പേപ്പറാണുള്ളത്. 200 മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് ഇന്‍റര്‍വ്യൂ നടത്തുക.

പരീക്ഷാസമയം
ജൂണിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കുന്നത്. നവംബറിലായിരിക്കും പരീക്ഷ.

  1. ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസ്/സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്
    ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസ്/സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലെ ഉയര്‍ന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നത്. ഈ പരീക്ഷയുടെ അടിസ്ഥാന ത്തിലാണ്.

യോഗ്യത
ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസിലേക്ക് അപേക്ഷിക്കുവാനുള്ള യോഗ്യത.

സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതിലെങ്കിലും നേടിയ മാസ്റ്റര്‍ ബിരുദമാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ അപേക്ഷിക്കുവാനുള്ള അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 21നും 30നും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്.

  1. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്
    ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ വിവിധ ഗ്രൂപ്പ്-എ തസ്തികകളിലേക്ക് പ്രവേശനത്തിനുള്ള മത്സരപരീക്ഷയാണിത്.

യോഗ്യത
അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത ബിരുദമോ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി എന്നിവയില്‍ നേടിയ ബിരുദമോ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദമോ ആണ് അപേക്ഷകര്‍ക്ക് വേണ്ട യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 21നും 30നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം.

പരീക്ഷാരീതി
എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയിലെ മികവ് കണക്കാക്കിയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്ക് ആകെ ആറ് പേപ്പറാണുള്ളത്. ജനറല്‍ ഇംഗ്ലീഷ് (300 മാര്‍ക്ക്), പൊതുവിജ്ഞാനം (300 മാര്‍ക്ക്) ഓപ്ഷണല്‍(ഒന്ന്) (രണ്ട് പേപ്പര്‍, 200 മാര്‍ക്ക്), ഓപ്ഷണല്‍ (രണ്ട്) (രണ്ട് പേപ്പര്‍, 200 മാര്‍ക്ക്) എന്നിങ്ങനെ ആകെ ആറ് പേപ്പറുകള്‍. എഴുത്തുപരീക്ഷക്ക് ആകെ 1400 മാര്‍ക്കാണ് ഉള്ളത്.

അഗ്രിക്കള്‍ച്ചര്‍, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, കെമിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഫോറസ്ട്രി, ജിയോളജി, മാത്സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയാണ് ഓപ്ഷണല്‍ വിഷയങ്ങള്‍.

ഇന്‍റര്‍വ്യൂവിനായുള്ള 300 മാര്‍ക്ക് ഉള്‍പ്പടെ ആകെയുള്ള 1700 മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് നിര്‍ണയം.അഗ്രിക്കള്‍ച്ചറും അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗും, അഗ്രിക്കള്‍ച്ചറും ആനിമല്‍ ഹസ്ബന്‍ഡറിയും വെറ്ററിനറി സയന്‍സസും, കെമിസ്ട്രിയും കെമിക്കല്‍ എഞ്ചിനീയറിംഗും, മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സും എന്നിങ്ങനെ ഒന്നിലേറെ എഞ്ചിനീയറിംഗ് വിഷയങ്ങള്‍ ഒരുമിച്ചെടുത്ത് പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതല്ല.

പരീക്ഷാസമയം
ഫെബ്രുവരി-മാര്‍ച്ചിലാണ് അപേക്ഷ ക്ഷണിക്കുന്നത്. പരീക്ഷ ജൂലായ് മാസത്തിൽ നടക്കും.

6.കമ്പയിന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് പരീക്ഷകള്‍
കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ വകുപ്പുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണിത്. റെയില്‍വേയില്‍ അസിസ്റ്റന്‍റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍, ഭാരതീയ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ ആരോഗ്യ വകുപ്പ്, കേന്ദ്ര ആരോഗ്യ വകുപ്പ് തുടങ്ങിയവയിലെ ജൂനിയര്‍ സ്കെയില്‍ തസ്തികകള്‍, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ മെഡിക്കല്‍ ഓഫീസര്‍, എന്‍.സി.എം.ബിയില്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്.

വിദ്യാഭ്യാസ യോഗ്യത
അപേക്ഷകര്‍ എം.ബി.ബി.എസ്. ബിരുദം നേടിയവരോ അല്ലെങ്കില്‍ അവസാന വര്‍ഷ എം.ബി.ബി.എസ്. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം. ഹൗസ് സര്‍ജന്‍സി ചെയ്യുന്നവര്‍ക്കും പരീക്ഷക്ക് അപേക്ഷിക്കാം. ഇവര്‍ക്ക് യോഗ്യത നേടി ഹൗസ് സര്‍ജന്‍സി കാലയളവ് കഴിഞ്ഞതിനുശേഷം മാത്രമേ നിയമന ഉത്തരവ് ലഭിക്കുകയുള്ളൂ.

പരീക്ഷാ സമയം
ആഗസ്റ്റില്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കും. ജനുവരിയിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്.

പ്രായപരിധി
അപേക്ഷകര്‍ 32 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും പരീക്ഷ സമയത്തുള്ള ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും.

പരീക്ഷാരീതി
എഴുത്തുപരീക്ഷയില്‍ 200 മാര്‍ക്ക് വീതമുള്ള രണ്ട് ഒബ്ജക്ടീവ് പേപ്പറുകളാണ് ഉണ്ടാവുക. 400 മാര്‍ക്കിനാണ് എഴുത്തുപരീക്ഷ. വ്യക്തിത്വ വിശകലന പരീക്ഷയും അഭിമുഖവും 200 മാര്‍ക്കിനായിരിക്കും.

എ.എഫ് എം സി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍


പൂനെയിലെ സായുധസേനാ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയാണിത്.

വിദ്യാഭ്യാസ യോഗ്യത
പ്രീഡിഗ്രി/ പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. കൂടാതെ ഓരോന്നിലും 50 ശതമാനം മാര്‍ക്കും മൂന്ന് വിഷയത്തിലും കൂടി 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് 45 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. മെട്രിക്കുലേഷന്‍ തലത്തില്‍ കണക്ക് പഠിച്ചിരിക്കുകയും വേണം.

ഡിഗ്രിക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണമെടുത്ത് പഠിച്ചവര്‍ക്കും പരീക്ഷ എഴുതാം. എന്നാല്‍ അവര്‍ പ്രീ-ഡിഗ്രി/ പ്ലസ്ടു തലത്തില്‍ ശാസ്ത്രവിഷയങ്ങളും ഇംഗ്ലീഷും മേല്‍പ്പറഞ്ഞ മാര്‍ക്കോടെ വിജയിച്ചവരായിരിക്കണം.

പ്രായപരിധി
17 നും 22 നും മദ്ധ്യേ പ്രായമുള്ള അവിവാഹിതരായിരിക്കണം അപേക്ഷകര്‍. ബി.എസ്.സിക്കാര്‍ക്ക് ഇത് 24 വയസ്സുവരെയാകാം. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സായുധസേനാ മെഡിക്കല്‍കോളേജിലേക്കുള്ള തിരഞ്ഞെടുപ്പ്.

പ്രവേശനപരീക്ഷാ രീതി
ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ഇംഗ്ലീഷ് ഭാഷ, കോംപ്രിഹെന്‍ഷന്‍ (ഭാഷാഗ്രഹണപരീക്ഷ) എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. അപേക്ഷകന്‍റെ ബുദ്ധിശക്തി, യുക്തി, വിവേചന ബുദ്ധി എന്നിവ അളക്കാനുള്ള ചോദ്യങ്ങളും പരീക്ഷയിലുണ്ടാകും.

പരീക്ഷയില്‍ തെറ്റുത്തരത്തിന് കാല്‍ മാര്‍ക്ക് (0.25) വീതം കുറയ്ക്കും. പ്ലസ്ടു/ പ്രീഡിഗ്രി നിലവാരത്തിലുള്ള ചോദ്യങ്ങളാകും ഉണ്ടാവുക. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.

ആകെ 130 പേര്‍ക്കാണ് പ്രവേശനം. റാങ്കിന്‍റെ അടിസ്ഥാനത്തില്‍ 105 ആണ്‍കുട്ടികള്‍ക്കും 25 പെണ്‍കുട്ടികള്‍ക്കും എം.ബി.ബി.എസ്. കോഴ്സില്‍ പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്ന 25 പെണ്‍കുട്ടികളില്‍ അഞ്ച് പേര്‍ക്ക് സായുധസേനയില്‍ സ്ഥിരമായി കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിക്കാം. ബാക്കിയുള്ളവര്‍ക്ക് അഞ്ച് കൊല്ലം കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷം പിരിയാം. സൗജന്യ താമസ സൗകര്യം, സബ്സിഡികള്‍, യൂണിഫോം അലവന്‍സ്, റെയില്‍വേ യാത്രാക്കൂലി, വാഷിംഗ് അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭ്യമാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സായുധ സേനയില്‍ ക്യാപ്റ്റന്‍ റാങ്കില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ലഭിക്കും.

നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷ


ലോകത്തിലെ മികച്ച പ്രൊഫഷണല്‍ സൈനിക ശക്തികളിലൊന്നായ ഇന്ത്യന്‍ സൈന്യത്തിന്‍റെ കര, നാവിക, വ്യോമ വിഭാഗങ്ങളില്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുവാന്‍ അവസരമൊരുക്കുന്നതാണ് നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷ. എന്‍.ഡി.എ.യിലെ പരിശീലനത്തിനുശേഷം ഇവരെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഇന്ത്യന്‍ നേവല്‍ അക്കാഡമി, ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാഡമി തുടങ്ങി സായുധസേനയുടെ പ്രത്യേക പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കുന്നു.

വിദ്യാഭ്യാസയോഗ്യത
ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടുവോ അതിനു തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. വ്യോമ, നാവിക വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവോ തത്തുല്യമായ യോഗ്യതയോ ഉള്ളവരായിരിക്കണം. പ്ലസ്ടു, പ്രീഡിഗ്രി അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് നല്ല ശാരീരിക ക്ഷമതയും ആരോഗ്യവുമുണ്ടായിരിക്കണം.

പരീക്ഷാരീതി
ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. രണ്ട് എഴുത്തുപരീക്ഷകളുടെയും ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാത്തമാറ്റിക്സ് (രണ്ടര മണിക്കൂര്‍, 300 മാര്‍ക്ക്) ജനറല്‍ എബിലിറ്റി (രണ്ടര മണിക്കൂര്‍, 600 മാര്‍ക്ക്) എന്നിവയാണ് വിഷയങ്ങള്‍.

ഒന്നാമത്തെ പേപ്പറായ മാത്തമാറ്റിക്സ്, ആള്‍ജിബ്രാ, മെട്രിക്സ്, ട്രിഗ്ണോമെട്രി, അനലിറ്റിക്കല്‍ ജ്യോമട്രി, കാല്‍ക്കുലസ്, വെക്ടര്‍ ആള്‍ജിബ്രാ, സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി എന്നിവയില്‍ അപേക്ഷകന്‍റെ അറിവു പരിശോധിക്കുകയാണ് ചെയ്യുന്നത്.

രണ്ടാമത്തെ പേപ്പറായ ജനറല്‍ എബിലിറ്റിയില്‍ രണ്ട് ഭാഗങ്ങളുണ്ട്. പാര്‍ട്ട്-എ യില്‍ ഇംഗ്ലീഷും (200 മാര്‍ക്ക്) പാര്‍ട്ട്-ബിയില്‍ പൊതുവിജ്ഞാനനവുമാണ് (400 മാര്‍ക്ക്) ഉള്ളത്.

പാര്‍ട്ട്-ബിയില്‍ ഫിസിക്സ്, കെമിസ്ട്രി, ജനറല്‍ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ആനുകാലിക സംഭവങ്ങള്‍ എന്നിവയെ അധികരിച്ച് ചോദ്യങ്ങളുണ്ടാകും. മള്‍ട്ടിപ്പിള്‍ ചോയ്സ് ശൈലിയായിരിക്കും പരീക്ഷയ്ക്കുള്ളത്. നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായം ഇല്ല.

എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുവരെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി.) ഇന്‍റര്‍വ്യൂവിന് വിളിക്കും. ബുദ്ധിശക്തി പരീക്ഷ (വെര്‍ബല്‍ ആന്‍ഡ് നോവെര്‍ബല്‍), വിവിധ ഗ്രൂപ്പ് ടെസ്റ്റുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, ഗ്രൂപ്പ് പ്ലാനിംഗ്, ഔട്ട്ഡോര്‍ ഗ്രൂപ്പ് പ്ലാനിംഗ്, തിരഞ്ഞെടുത്ത വിഷയങ്ങളെപ്പറ്റിയുള്ള ചെറുവിവരണം, സൈക്കോളജിക്കല്‍ ടെസ്റ്റ് എിവ അടങ്ങുന്നതാണ് എസ്.എസ്.ബി യുടെ ഇൻ്റർവ്യൂ. ഇതിന് 900 മാര്‍ക്കാണുള്ളത്.വ്യോമസേനയിലേക്ക് അപേക്ഷിക്കുവര്‍ക്ക് ഇതിനുപുറമെ പൈലറ്റ് അഭിരുചി പരീക്ഷയ്ക്ക് വിധേയരാകേണ്ടി വരും.

കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസ് എക്സാമിനേഷന്‍
ആര്‍മി, എയര്‍ഫോഴ്സ്, നേവി എന്നീ സേനാവിഭാഗങ്ങളില്‍ ഓഫീസര്‍ തസ്തികയില്‍ പ്രവേശനത്തിന് അവസരമൊരുക്കുന്നതാണ് കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് എക്സാമിനേഷന്‍. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, നേവല്‍ അക്കാഡമി, എയര്‍ഫോഴ്സ് അക്കാഡമി തുടങ്ങിയ സൈനിക പരിശീലന സ്ഥാപനങ്ങളിലേക്കാണ് ഈ പരീക്ഷയിലൂടെ തിരഞ്ഞെടുപ്പ് നടത്തുന്നത്.

യോഗ്യതകള്‍
ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയിലേക്ക് 19നും 24നും മദ്ധ്യേ പ്രായവും, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് 19നും 25നും മദ്ധ്യേ പ്രായവും അപേക്ഷകര്‍ക്കുണ്ടായിരിക്കണം. അപേക്ഷകര്‍ ബിരുദധാരികളായിരിക്കണം.

ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലുള്ള ബിരുദമോ എഞ്ചിനീയറിംഗ് ബിരുദമോ ഉള്ളവര്‍ക്ക് നേവല്‍, എയര്‍ഫോഴ്സ് അക്കാഡമിയിലേക്ക് അപേക്ഷിക്കാം. നേവല്‍ അക്കാഡമിയിലേക്ക് 19നും 22നും മദ്ധ്യേയും എയര്‍ഫോഴ്സ് അക്കാഡമിയിലേക്ക് 19നും 23നും മദ്ധ്യേയുമാണ് പ്രായപരിധി. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

പരീക്ഷാസമയം
വര്‍ഷത്തില്‍ രണ്ടു തവണ സി.ഡി.എസ് പരീക്ഷ നടത്താറുണ്ട്. മാര്‍ച്ച്-ആഗസ്റ്റ് മാസങ്ങളില്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കും.

പരീക്ഷാരീതി
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മിലിട്ടറി, നേവല്‍, എയര്‍ഫോഴ്സ് അക്കാഡമികള്‍ക്കുള്ള എഴുത്തുപരീക്ഷ ഒരേ രീതിയിലായിരിക്കും. ഒബ്ജക്ടീവ് തീതിയിലുള്ള ഇംഗ്ലീഷ് (100 മാര്‍ക്ക്), പൊതുവിജ്ഞാനം (100 മാര്‍ക്ക്), മാത്തമാറ്റിക്സ് (100 മാര്‍ക്ക്) എന്നീ പേപ്പറുകളാണ് ഈ എഴുത്തുപരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി പരീക്ഷയ്ക്ക് ഇംഗ്ലീഷ്, പൊതുവിജ്ഞാനം, പേപ്പറുകള്‍ മാത്രം എഴുതിയാല്‍ മതി. പരീക്ഷ ജയിക്കുന്നവരെ എസ്.എസ്.ബി. ഇന്‍റര്‍വ്യൂവിന് ക്ഷണിക്കും. മിലിട്ടറി അക്കാഡമി, നേവല്‍ അക്കാഡമി, എയര്‍ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലേക്കുള്ള അഭിമുഖത്തിന് 300 മാര്‍ക്കും ഓഫീസേഴ്സ് അക്കാഡമി അഭിമുഖത്തിന് 200 മാര്‍ക്കുമാണ് ഉള്ളത്.

എ എഫ് എം സി മെഡിക്കല്‍ എന്‍ട്രന്‍സ്


പൂനെയിലെ സായുധസേനാ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയാണിത്.

വിദ്യാഭ്യാസ യോഗ്യത
പ്രീഡിഗ്രി/ പ്ലസ്ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. കൂടാതെ ഓരോന്നിലും 50 ശതമാനം മാര്‍ക്കും മൂന്ന് വിഷയത്തിലും കൂടി 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് 45 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. മെട്രിക്കുലേഷന്‍ തലത്തില്‍ കണക്ക് പഠിച്ചിരിക്കുകയും വേണം.

ഡിഗ്രിക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണമെടുത്ത് പഠിച്ചവര്‍ക്കും പരീക്ഷ എഴുതാം. എന്നാല്‍ അവര്‍ പ്രീ-ഡിഗ്രി/ പ്ലസ്ടു തലത്തില്‍ ശാസ്ത്രവിഷയങ്ങളും ഇംഗ്ലീഷും മേല്‍പ്പറഞ്ഞ മാര്‍ക്കോടെ വിജയിച്ചവരായിരിക്കണം.

പ്രായപരിധി
17 നും 22 നും മദ്ധ്യേ പ്രായമുള്ള അവിവാഹിതരായിരിക്കണം അപേക്ഷകര്‍. ബി.എസ്.സിക്കാര്‍ക്ക് ഇത് 24 വയസ്സുവരെയാകാം. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സായുധസേനാ മെഡിക്കല്‍കോളേജിലേക്കുള്ള തിരഞ്ഞെടുപ്പ്.

പരീക്ഷാ രീതി
ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ഇംഗ്ലീഷ് ഭാഷ, കോംപ്രിഹെന്‍ഷന്‍ (ഭാഷാഗ്രഹണപരീക്ഷ) എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. അപേക്ഷകന്‍റെ ബുദ്ധിശക്തി, യുക്തി, വിവേചന ബുദ്ധി എന്നിവ അളക്കാനുള്ള ചോദ്യങ്ങളും പരീക്ഷയിലുണ്ടാകും.

പരീക്ഷയില്‍ തെറ്റുത്തരത്തിന് കാല്‍ മാര്‍ക്ക് (0.25) വീതം കുറയ്ക്കും. പ്ലസ്ടു/ പ്രീഡിഗ്രി നിലവാരത്തിലുള്ള ചോദ്യങ്ങളാകും ഉണ്ടാവുക. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.

ആകെ 130 പേര്‍ക്കാണ് പ്രവേശനം. റാങ്കിന്‍റെ അടിസ്ഥാനത്തില്‍ 105 ആണ്‍കുട്ടികള്‍ക്കും 25 പെണ്‍കുട്ടികള്‍ക്കും എം.ബി.ബി.എസ്. കോഴ്സില്‍ പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്ന 25 പെണ്‍കുട്ടികളില്‍ അഞ്ച് പേര്‍ക്ക് സായുധസേനയില്‍ സ്ഥിരമായി കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിക്കാം. ബാക്കിയുള്ളവര്‍ക്ക് അഞ്ച് കൊല്ലം കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷം പിരിയാം. സൗജന്യ താമസ സൗകര്യം, സബ്സിഡികള്‍, യൂണിഫോം അലവന്‍സ്, റെയില്‍വേ യാത്രാക്കൂലി, വാഷിംഗ് അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭ്യമാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സായുധ സേനയില്‍ ക്യാപ്റ്റന്‍ റാങ്കില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ലഭിക്കും.

ബാങ്ക് പി ഒ ടെസ്റ്റ്
ദേശസാല്‍കൃത ബാങ്കുകളില്‍ ഓഫീസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുവാന്‍ അവസരമൊരുക്കുന്ന പരീക്ഷയാണിത്.

യോഗ്യത
അപേക്ഷകര്‍ 21നും 28നും മദ്ധ്യേ പ്രായമുള്ള ബിരുദധാരികളോ തത്തുല്യ യോഗ്യതയുള്ളവരോ ആയിരിക്കണം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രായപരിധിയില്‍ നിയമപ്രകാരമുള്ള ഇളവ് അനുവദിക്കും. കൂടാതെ എക്സ് സര്‍വീസ് മെന്‍, പ്രാദേശിക ബാങ്കുകളിലെ കമ്മീഷന്‍ഡ് ഓഫീസര്‍ എന്നിവര്‍ക്കും ചില നിബന്ധനയ്ക്കു വിധേയമായി ഇളവ് അനുവദിക്കാറുണ്ട്.

പരീക്ഷാരീതി
ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നത് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ്. ഒബ്ജക്ടീവ്, ഡിസ്ക്രിപ്ടീവ് (വിവരണാത്മക പരീക്ഷ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് എഴുത്തുപരീക്ഷ നടക്കുന്നത്. പൊതുവിജ്ഞാനം, മാനസികശേഷി പരിശോധന, കണക്കിലെ സാമാന്യ തത്വങ്ങള്‍, ഇംഗ്ലീഷ് എന്നിവയില്‍ അപേക്ഷകനുള്ള അറിവ് പരിശോധിക്കുകയാണ് ഒബ്ജക്ടീവ് പരീക്ഷയില്‍ ചെയ്യുന്നത്. അപേക്ഷകന്‍റെ ഭാഷാപരമായ കഴിവും കാര്യങ്ങള്‍ സന്ദര്‍ഭത്തിനൊത്ത് അവതരിപ്പിക്കുവാനുള്ള പാടവവും വിവരണാത്മക പരീക്ഷയില്‍ കണക്കിലെടുക്കും.

ദേശസാല്‍കൃത ബാങ്കുകളിലേക്കുള്ള ഓഫീസര്‍മാരുടെ തിരഞ്ഞെടുപ്പ് സെന്‍ട്രല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡാണ് നടത്തുന്നത്. മറ്റു സ്വകാര്യ ബാങ്കുകളിലെ ഓഫീസര്‍ നിയമനങ്ങള്‍ അതാതു ബാങ്കുകള്‍ തന്നെ നേരിട്ട് നടത്തുന്നു

FAQs

ചോ 1: പ്ലസ് ടു വിന് ശേഷം തിരഞ്ഞെടുക്കാവുന്ന കോഴ്സുകൾ ഏതെക്കെയാണ്?
ഉ 1- എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകൾ, മെഡിക്കൽ അഗ്രികൾച്ചറൽ ഡിഗ്രി കോഴ്സുകൾ, പഞ്ചവത്സര എൽ.എൽ.ബി, കോഴ്സ്, ആർട്സ്, സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ ഡിഗ്രി കോഴ്സ് തുടങ്ങി പ്ലസ് ടു വിന് ശേഷം തിരഞ്ഞെടുക്കാൻ നിരവധി ഉപരി പഠന മേഖലകൾ കുട്ടികൾക്ക് മുന്നിലുണ്ട്.  ഏത് മേഖല തിരഞ്ഞെടുത്താലും സ്വന്തം കഴിവുകളും പോരായ്മകളും തിരിച്ചറിഞ്ഞുള്ള തീരുമാനയാരിക്കും എക്കാലത്തും ഗുണം ചെയ്യും

ചോ 2: പ്ലസ് ടു വിന് ശേഷം എഴുതാവുന്ന മികച്ച മത്സര പരീക്ഷകൾ?
2- NEET, JEE, KEAM, SSC Exams, SC GD Exam ,SSC MTS Exam, Defense Exams, Indian Navy Direct Entry Exams, Indian Air Force

ചോ 3: പ്ലസ് ടു വിന് ശേഷം എന്ത് ചെയ്യണമെന്ന് പറഞ്ഞു തരാമോ?
ഉ 3-
പ്ലസ് ടുവിന് ശേഷം പങ്കെടുക്കാവുന്ന നിരവധി മത്സര പരീക്ഷകളേയും കോഴ്സുകളേയും കുറിച്ച് അറിയാൻ www.embibe.com സന്ദർശിക്കൂ.

ചോ 4: പ്ലസ് ടു വിന് ശേഷം ഏത് കോഴ്സ് പഠിച്ചാൽ മികച്ച ജോലി സാധ്യത ലഭിക്കും?
4: സ്വദേശത്തും വിദേശത്തുമായി നിരവധി ജോലി സാധ്യതകളുള്ള ധാരാളം കോഴ്സുകൾ പ്ലസ്ടു വിന് ശേഷം പഠിക്കാനാകും അവയെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും Embibeൽ ഉൾപ്പെടുത്തിയിട്ടുണ്ട്. www.embibe.com പരിശോധിക്കൂ

പ്ലസ് ടു പരീക്ഷക്ക് ശേഷം മുന്നോട്ടുള്ള പഠനം എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibe ൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ