• എഴുതിയത് Vibitha Kathalat
  • മാറ്റം വരുത്തിയ തീയതി 23-09-2022

പ്ലസ് ടു പരീക്ഷ 2023: വെറുതെ പഠിച്ചാൽ മതിയോ,തയ്യാറെടുക്കണ്ടേ

img-icon

ആമുഖം

PLUS TWO EXAM PREPARATION : സിലബസ് മുഴുവൻ പഠിച്ചതുകൊണ്ട് മാത്രം പരീക്ഷയ്ക്ക് തയ്യാറെടുത്തു എന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. പരീക്ഷ എഴുതാനും വേണം ചില തയ്യാറെടുപ്പുകൾ. അതായത് പരീക്ഷ എഴുതാനുള്ള മുന്നൊരുക്കങ്ങൾ പഠനത്തോേടൊപ്പം തന്നെ ആരംഭിക്കണമെന്ന് ചുരുക്കം. കേരള പ്ലസ് ടു പരീക്ഷ 2023ന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ഓൺലൈൻ മാറി ഇനി ഓഫ് ലൈനിലേക്ക്

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷക്കാലം ഓൺലൈൻ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷകളായിരുന്നു വിദ്യാർത്ഥികൾ എഴുതിയിരുന്നത്. എന്നാൽ സാഹചര്യങ്ങൾ മാറി വീണ്ടു സ്കൂൾ തുറന്നതോടെ ഓഫ്ലൈൻ പരീക്ഷകളായിരിക്കും ഇനി മുതൽ വിദ്യാർത്ഥികൾ എഴുതേണ്ടി വരിക. മൾട്ടിപ്പിൾ ചോയ്സ് ഉത്തരങ്ങൾ ചേർന്ന് ഒരു നീളമേറിയ ഉത്തരമായി മാറുന്നത് കണ്ടാൽ തന്നെ പഠിച്ചതെല്ലാം മറന്നുപോകും. ഈ അവസ്ഥ മാറ്റി എടുക്കുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. അതിനായി പ്രാക്ടീസ് ചെയ്തേ മതിയാകൂ.  പേപ്പറിൽ ഉത്തരമെഴുന്ന തരത്തിൽ വേണം പരിശീലിക്കാൻ.ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും കുട്ടികളുടെ പരീക്ഷാ പേടി ഇല്ലാതാക്കുകയും ചെയ്യും

പാറ്റേൺ മനസ്സിലാക്കാം

എല്ലാ വിഷയങ്ങളുടേയും ചോദ്യ പേപ്പറിന് പ്രത്യേക പാറ്റേണുണ്ട്. ചോദ്യങ്ങൾക്ക്‌ ചോയ്സ് നല്കാനാണ് ഇത്തരമൊരു പാറ്റേൺ സ്വീകരിച്ചിരിക്കുന്നത്. 80 മാർക്കിന് പരീക്ഷയുളള വിഷയങ്ങൾക്ക് ആകെ 35 ചോദ്യങ്ങളാണ് ഉണ്ടാവുക. 40 മാർക്കിൻ്റെ പരീക്ഷയ്ക്ക് 24 ചോദ്യങ്ങൾ. പരീക്ഷ എഴുതേണ്ടതിനേക്കാൾ 50% മാർക്കിനു കൂടി അധിക ചോദ്യങ്ങളുണ്ടാവും. അതായത്,​ 40 മാർക്കിൻ്റെ പരീക്ഷയ്ക്ക് 60 മാർക്കിൻ്റെ ചോദ്യങ്ങളും,​ 80 മാർക്കിൻ്റെ പരീക്ഷയ്ക്ക് 120 മാർക്കിൻ്റെ ചോദ്യങ്ങളും ചോദ്യപ്പേപ്പറിൽ ഉണ്ടാവും.

എന്നാൽ ഈ അധിക ചോദ്യങ്ങൾ ചോയ്സുകളായാണ് നല്കുക. കുറച്ചുകൂടി വ്യക്തമാക്കിയാൽ,​ 60 മാർക്കിൻ്റെ ചോദ്യപ്പേപ്പറിൽ 20 മാർക്കിൻ്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും (അധികചോദ്യങ്ങൾ). 80 സ്‌കോറിൻ്റെ ചോദ്യ പേപ്പറിൽ 40 സ്‌കോറിനുള്ളത് അധിക ചോദ്യങ്ങളാകും.

ഫോക്കസ്,​ നോൺ ഫോക്കസ് ഏരിയ കണ്ടെത്താം

കോവിഡ് കാലത്ത് ക്ലാസുകൾ കൃത്യമായി നടക്കാതിരുന്നതിനാൽ ഏതെല്ലാം പാഠഭാഗങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തുമെന്ന ആശയ കുഴപ്പം നിലനിന്നുരുന്നു. ഇതിനെ മറികടക്കാനായാണ് ഫോക്കസ് ഏരിയ-നോൺ ഫോക്കസ് ഏരിയ എന്ന രീതിയൽ പാഠഭാഗങ്ങളെ വേർതിരിച്ചത്. ഫോക്കസ് ഏരിയയിൽ നിന്ന് 70% സ്‌കോറിനുളള ചോദ്യങ്ങളും,​ നോൺഫോക്കസ് ഏരിയയിൽ നിന്ന് 30% സ്‌കോറിനുളള ചോദ്യങ്ങളുമാണ് ചോദിക്കുക. അതായത് 40 മാർക്കിൻ്റെ പരീക്ഷയ്ക്ക് 42 മാർക്കിൻ്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് നൽകിയിരിക്കും. അതിൽ നിന്ന് കുട്ടികൾ 28 മാർക്കിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതിയാകും. ബാക്കി 12 മാർക്കിൻ്റെ ചോദ്യങ്ങൾ നോൺഫോക്കസ് ഏരിയയിൽ നിന്നാണ്. അതിനായി 18 മാർക്കിൻ്റെ ചോദ്യങ്ങൾ നല്കിയിരിക്കും.

80 മാർക്കിൻ്റെ പരീക്ഷയ്ക്ക് 84 മാർക്കിൻ്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് നൽകിയിരിക്കും. അതിൽ നിന്ന് 56 മാർക്കിൻ്റെ ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ബാക്കി 24  മാർക്കിൻ്റെ ചോദ്യങ്ങൾ നോൺഫോക്കസ് ഏരിയയിൽ നിന്നാണ് എഴുതേണ്ടത്. അതിനായി 36 മാർക്കിൻ്റെ ചോദ്യങ്ങളുണ്ടാകും.

നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ താരതമ്യേന ലളിതമായിരിക്കുമെങ്കിലും,​ ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കൊപ്പം നോൺഫോക്കസ് ഏരിയയിലെ ഭാഗങ്ങൾ കൂടി പഠിച്ചിരുന്നാലേ എ പ്ളസ് എന്ന കടമ്പ കടക്കാനാകൂ. ഓരോ ചോദ്യപ്പേപ്പറിലും അഞ്ച് പാർട്ടുകളാണ് ഉള്ളത്. ഓരോ പാർട്ടിനെയും എ, ബി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. എ ഭാഗം ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളാണ്. ബി ഭാഗം നോൺഫോക്കസ് ഏരിയയിൽ നിന്നും.

40 സ്‌കോറിൻ്റെ ചോദ്യങ്ങൾ നൽകിയിരിക്കുന്ന വിധം

പാർട്ട് ഒന്ന്: 1 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങൾ. ഇതിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ മൂന്നിനും ഉത്തരമെഴുതണം (3 സ്‌കോർ). അതായത്,​ ആകെ 9 ചോദ്യങ്ങൾ നല്കിയിട്ടുള്ളതിൽ 7 എണ്ണത്തിന് ഉത്തരമെഴുതണം.

പാർട്ട് രണ്ട്: 2 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യം. ഇതിന് 2 സ്‌കോർ. നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം. (2 സ്‌കോർ). ആകെയുള്ള 3 ചോദ്യങ്ങളിൽ ഉത്തരമെഴുതേണ്ടത് 2 എണ്ണത്തിന്.

പാർട്ട് മൂന്ന്: 3 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് നല്കിയിട്ടുള്ള 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം. (ആകെ 9 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യമേ ഉണ്ടാകൂ (3 സ്‌കോർ). അതായത്,​ ആകെയുള്ള 5 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം.

പാർട്ട് നാല്: 4 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (8 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങൾ. ഇതിന് ഒരെണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). അതായത്,​ ആകെ 5 ചോദ്യങ്ങൾ നല്കിയിരിക്കുന്നതിൽ 3 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്.

പാർട്ട് അഞ്ച്: 5 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം (5 സ്‌കോർ), നോൺഫോക്കസ് ഏരിയയിൽ നിന്ന്‌ ചോദ്യങ്ങളുണ്ടാകില്ല.

80 സ്‌കോറിൻ്റെ ചോദ്യങ്ങൾ നൽകിയിരിക്കുന്ന വിധം

പാർട്ട് ഒന്ന്: 1 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങൾ. നാലിനും ഉത്തരമെഴുതണം (4 സ്‌കോർ). അതായത്,​ ആകെ നല്കിയിട്ടുള്ള 10 ചോദ്യങ്ങളിൽ 8 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്.

പാർട്ട് രണ്ട്: 2 സ്‌കോർചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 5 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (6 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളുണ്ടാകും. ഇതിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). ആകെ 8 ചോദ്യങ്ങൾ. ഉത്തരമെഴുതേണ്ടത് 5 എണ്ണത്തിന്.

പാർട്ട് മൂന്ന്: 4 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 5 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (12 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം (4 സ്‌കോർ). ആകെയുള്ള 7 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണമെന്ന് അർത്ഥം.

പാർട്ട് നാല്: 6 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങൾ നല്കിയിരിക്കും. ഇതിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (18 സ്‌കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ 2 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത് (12 സ്‌കോർ). അതായത്,​ ആകെ 7 ചോദ്യങ്ങൾ. 5 എണ്ണത്തിന് ഉത്തരമെഴുതണം.

പാർട്ട് അഞ്ച്: 8 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (16 സ്‌കോർ), നോൺഫോക്കസ് ഏരിയയിൽ നിന്ന്‌ ചോദ്യങ്ങളില്ല.

ഉയർന്ന മാർക്കിനായി ചില മാർഗ്ഗങ്ങൾ

പരീക്ഷ അടുത്തു കഴിഞ്ഞാൽ പിന്നെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു പോലെ ആശങ്കയാണ്. ആദ്യം എന്ത് പഠിക്കണം, എവിടെ തുടങ്ങണം, എത്ര സമയം പഠിക്കണം, ആരോട് ചോദിക്കണം. എന്ന് തുടങ്ങി എണ്ണിയാൽ തീരാത്തത്ര സംശയങ്ങളായിരിക്കും ഉണ്ടാവുക. വിദ്യാർത്ഥികളിലുണ്ടാകുന്ന ഇത്തരത്തിലുള്ള അമിതമായ ഉത്കണ്ഠകൾ ചിലപ്പോൾ പരീക്ഷയെ പ്രതികൂലമായി ബാധിച്ചേക്കാം. വളരെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയവർക്ക് പോലും ഇത്തരത്തിലുള്ള ഉത്കണ്ഠ കാരണം പരീക്ഷ നന്നായി എഴുതാൻ സാധിക്കാതെ വരും. പരീക്ഷാ കാലത്തുണ്ടാകുന്ന അമിതമായ ആശങ്കകളും ടെൻഷനും ഒഴിവാക്കി ആത്മ വിശ്വാസത്തോടെ പരീക്ഷ എഴുതുന്നതിനും മികച്ച മാർക്ക് നേടുന്നതിനും ആവശ്യമായ ചെറിയ ചില വിദ്യകളാണ് ഇനി പറയുന്നത്.

ഏത് സമയത്ത് പഠിക്കാം?

പഠിക്കാൻ പറ്റിയ സമയം ഏതാണെന്നുള്ളത് എപ്പോഴും ഉയർന്നു വരുന്ന സംശയങ്ങളിൽ ഒന്നാണ്. ചിലർ പറയും കാലത്ത് നേരത്തെ ഉണർന്ന് പഠിക്കുന്നതാണ് ഏറ്റവും നല്ലതെന്ന്. മറ്റ് ചിലരാകട്ടെ രാത്രി പഠിക്കുന്നതാണ് നല്ലതെന്ന് വാദിക്കും. ഇനി ഇതിലൊന്നും പെടാത്ത ഒരു കൂട്ടർ എപ്പോഴും പഠിച്ചു കൊണ്ടിരിക്കണമെന്നും പറയും. ഇതെല്ലാം കേട്ട് കിളി പോയ മട്ടിൽ ഇരിക്കുന്നതാവട്ടെ പാവം കുട്ടികളുമായിരിക്കും. 

പഠിക്കാൻ തിരഞ്ഞടുക്കുന്ന സമയത്തെ കുറിച്ച് പലർക്കും പല അഭിപ്രായമായിരിക്കും. അതുകൊണ്ട് തന്നെ ഓരോരുത്തർക്കും പഠിക്കാൻ അനുയോജ്യമായ സമയം സ്വയം കണ്ടെത്തുക എന്നുള്ളതാണ് പ്രാധാന്യം. ഏത് സമയത്ത് പഠിച്ചാലാണ് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാകുന്നത് എന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാകണം. അതിനനുസരിച്ച് പഠനപ്ലാൻ രൂപപ്പെടുത്തുകയാണെങ്കിൽ ഏറെ ഗുണം ചെയ്യും. ചില കുട്ടികൾ വൈകി ഉറങ്ങുന്നവരും ചിലർ നേരത്തെ ഉറങ്ങുന്നവരുമായിരിക്കും. ഇത് മനസ്സിലാക്കി പഠന ക്രമം തീരുമാനിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.

പഠനം എവിടെ തുടങ്ങണം?

പഠിക്കാനാണെങ്കിൽ കുന്നോളമുണ്ട്. പക്ഷേ എവിടെ തുടങ്ങണമെന്ന് അറിയില്ല! എല്ലാ കുട്ടികളും സ്ഥിരം പറഞ്ഞു കേൾക്കുന്ന പരാതിയാണല്ലോ ഇത്. ഏത് വിഷയം എവിടെ പഠിച്ച് തുടങ്ങണമെന്നുള്ള കാര്യ എപ്പോഴും ആശങ്കയുണ്ടാക്കുന്നതു തന്നെയാണ്. അതുകൊണ്ട് തന്നെ സ്വന്തം ഇഷ്ടാനുസൃതം അവ കണ്ടെത്തുന്നതായിരിക്കും ഉചിതം. ചിലർക്ക് എളുപ്പമുള്ള പാഠങ്ങൾ ആദ്യം പഠിച്ചു തീർക്കാനായിരിക്കും ഇഷ്ടം. കൂടുതൽ സമയം ഏകാഗ്രതയോടെ പഠിക്കാൻ ഇത് സഹായിക്കും.  മറ്റ് ചിലരാകട്ടെ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ ആദ്യം പഠിക്കാൻ ശ്രമിക്കും. ഇതുവഴി പരീക്ഷ എഴുതുന്നതിനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സാധിക്കും. ഏത് തരത്തിലായാലും പഠനം ബോറടിക്കുന്നു എന്ന് തോന്നിയാൽ വിഷയം മാറി പരീക്ഷിക്കാൻ മറക്കരുത്.

പരീക്ഷ അടുത്തു, സമയമില്ല, ഇനിയെന്ത് ചെയ്യും?

എല്ലാ വർഷവും പുതിയ ക്ലാസ് ആരംഭിക്കുമ്പോൾ ഇന്നു മുതൽ ഞാൻ ദിവസേനയുള്ള കാര്യങ്ങൾ അന്ന് തന്നെ പഠിച്ചു തീർക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവരായിരിക്കും ഭൂരിഭാഗം കുട്ടികളും. എന്നാൽ ക്ലാസ് തുടങ്ങി ആദ്യ ആഴ്ച കഴിയുമ്പോഴേക്കും ഈ ആവേശമെല്ലാം ആറി തണുക്കും. പിന്നീട് പരീക്ഷ അടുക്കുമ്പോഴായിരിക്കും പഠിക്കാനുള്ള കാര്യങ്ങൾ ഇനിയും കുറേ ബാക്കിയാണല്ലോ എന്ന കാര്യം ആലോചിച്ച് ആശങ്കപ്പെടുക. അപ്പോഴേക്കും തയ്യാറെടുപ്പിനായി വളരെ കുറച്ച് സമയം മാത്രമേ ബാക്കി ഉണ്ടാവുകയുള്ളു. ഈ രീതി ഒരിക്കലും നല്ലതല്ല. ഓരോ ദിവസവും കൃത്യമായ പഠനപ്ലാൻ മുൻനിർത്തി പഠിക്കണം. ദിവസവും പഠനത്തിനായി എത്ര സമയം മാറ്റിവെക്കണം എന്നുള്ള കാര്യത്തിലും കൃത്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ അവസാന നിമിഷം സിലബസ് പൂർത്തിയാക്കാനാകെ നിങ്ങളുടെ ആത്മ വിശ്വാസം നഷ്ടപ്പെടും. ഇത് പരീക്ഷയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

യാത്ര ചെയ്യുമ്പോൾ സമയം നഷ്ടപ്പെടുന്നു, പരിഹാരമുണ്ടോ?

കോളേജിലേക്കും സ്കൂളിലേക്കുമുള്ള യാത്ര ബഹുഭൂരിപക്ഷം ആളുകൾക്കും അൽപം കഠിനമായിരിക്കും. തിരക്കേറിയ ബസിലും ഓട്ടോയിലും  കയറി ചവിട്ടും ഇടിയും കൊണ്ട് എത്തുമ്പോഴേക്കും വലിയ സമയം നഷ്ടപ്പെട്ടിട്ടുണ്ടാകും. ഈ സമയം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നാണ് നമ്മൾ ശ്രദ്ദിക്കേണ്ടത്. പഠിച്ചിട്ടും ഓർമ്മയിൽ നിൽക്കാത്ത സൂത്രവാക്യങ്ങൾ, തത്ത്വങ്ങൾ, ഉദ്ധരണികൾ തുടങ്ങിയവ ചെറിയ കാർഡുകളിൽ എഴുതി സൂക്ഷിച്ചുവെച്ചാൽ ഈ സമയത്ത് ഓർമ പുതുക്കാം. മൊബൈലിൽ പഠന ഭാഗങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ടെങ്കിൽ അതും ഈ സമയക്ക് കേൾക്കാം. തിരക്കേറിയ ഒരു ബസ്സിൽ നിന്ന് യാത്ര ചെയ്യുമ്പോൾ പോലും ഈ ടെക്നിക്ക് ഉപയോഗിച്ച് സമയലാഭം നേടാം.

പരീക്ഷാ ദിവസവും തലേന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹാൾ ടിക്കറ്റ് കൈവശമുണ്ടെന്ന് ഉറപ്പ്  വരുത്തുക
പരീക്ഷയുടെ തലേ ദിവസം തന്നെ ഹാൾ ടിക്കറ്റ് തയ്യാറാക്കി ബാഗിൽ സൂക്ഷിക്കുക. അതിൻ്റെ ഒരു ഫോട്ടോ കോപ്പി കൂടി സൂക്ഷിക്കുന്നത് നല്ലതാണ്. ചില കുട്ടികൾ പരീക്ഷക്കായി ഇറങ്ങാൻ നേരത്തായിരിക്കും ഹാൾ ടിക്കറ്റിനെ കുറിച്ച് ചിന്തിക്കുക. ഇത് സമയ നഷ്ടവും അതിലുപരി ടെൻഷൻ കൂടുന്നതിനും കാരണമാകും. ഹാൾ ടിക്കറ്റിന് പുറമെ പേന, പെൻസിൽ, ഇൻസ്ട്രുമെൻ്റ് ബോക്സ് തുടങ്ങിയ വസ്തുക്കളെല്ലാം കരുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഒരേ മഷിയുള്ള രണ്ട് പേന കയ്യിൽ കരുതേണ്ടത് വളരെ അത്യാവശ്യമാണ്. പെൻസിലിന് മുനയുണ്ടോ എന്ന കാര്യം ശ്രദ്ധിക്കണം. ഷാർപ്നർ, ഇറേസർ എന്നിവ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. പരീക്ഷാ ഹാളിൽ നിന്ന് യാതൊരു വസ്തുക്കളും കൈമാറ്റം ചെയ്യാൻ അനുവദിക്കുന്നതല്ല.

പരീക്ഷാ ഹാളിൽ നേരത്തെ എത്താൻ ശ്രമിക്കുക 
പരീക്ഷ തുടങ്ങുന്നതിന് തൊട്ട് മുൻപ് വെപ്രാളപ്പെട്ട് പരീക്ഷാഹാളിൽ ഓടിയെത്തുന്നത് ഒട്ടും നല്ലതല്ല. ഇതുമൂലമുണ്ടാകുന്ന ടെൻഷനും വെപ്രാളവും പരീക്ഷയെ പ്രതികൂലമായി ബാധിക്കും.കുറഞ്ഞത് പത്ത് മിനുട്ട് മുൻപെങ്കിലും പരീക്ഷാഹാളിൽ എത്താൻ ശ്രമിക്കണം. അനാവശ്യ ടെൻഷൻ ഒഴിവാക്കി മനസ്സിനെ ശാന്തമാക്കി പരീക്ഷ എഴുതാൻ ഇത് നിങ്ങളെ സഹായിക്കും.

പരീക്ഷയുടെ തലേദിവസം ഉറക്കമൊഴിഞ്ഞ് പഠിക്കരുത്
മിക്കവരും ചെയ്യുന്ന പ്രധാനപ്പെട്ട തെറ്റാണ് പരീക്ഷയുടെ തലേദിവസത്തെ ഉറക്കമൊഴിഞ്ഞുള്ള പഠനം.എന്നാൽ തീർത്തും ഒഴിവാക്കേണ്ട പ്രവണതയാണിത്. സാധാരണ ദിവസത്തേക്കാൾ കുറഞ്ഞ സമയം മാത്രമേ പരീക്ഷാ തലേന്ന് പഠനത്തിനായി ചിലവഴിക്കാൻ പാടുള്ളു. കൂടുതൽ സമയമിരുന്ന പഠിച്ചാൽ തലവേദന, ക്ഷീണം, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് മൂലം നന്നായി പരീക്ഷ എഴുതാൻ സാധിക്കാതെ വരും. പരീക്ഷയുടെ തലേ ദിവസം നന്നായി ഉറങ്ങുക. നല്ല ഉറക്കം ശരീരത്തിനും മനസ്സിനും ഉണർവ്വേകും.

വീട്ടിൽ നിന്നും പരീക്ഷാ കേന്ദ്രത്തിലേക്കുള്ള ദൂരത്തെ കുറിച്ച് അറിഞ്ഞിരിക്കുക 
മിക്ക റോഡുകളും വാഹനങ്ങളുടെ ആധിക്യം കാരണം തിരക്കേറിയതാണ്. അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും പരീക്ഷാ കേന്ദ്രത്തിലേക്കുള്ള ദൂരത്തെ കുറിച്ച് ധാരണയുണ്ടാക്കുന്നത് പരീക്ഷാ ഹാളിൽ കൃത്യ സമയത്ത് എത്തുന്നതിന് വളരെയധികം സഹായമാകും.ഏതെങ്കിലും കാരണവശാൽ വഴിയിൽ തടസം നേരിടേണ്ടി വന്നാൽ മറ്റൊരു വഴിക്ക് പരീക്ഷാ കേന്ദ്രത്തിലെത്തുന്നത് എങ്ങനെയെന്നും അറിഞ്ഞിരിക്കണം. വിവേചന പൂർവ്വമായ ഈ നീക്കം നിങ്ങളെ വളരെയധികം സഹായിക്കും

തലേ ദിവസത്തെ പരീക്ഷയെ കുറിച്ച് ആവലാതിപ്പെടാതിരിക്കുക.
കഴിഞ്ഞു പോയ പരീക്ഷയെ കുറിച്ച് ടെൻഷനടിക്കുന്ന സ്വഭാവം ഒരു വിധം എല്ലാ വിദ്യാർത്ഥികളിലും കാണുന്നതാണ്. എന്നാൽ ഈ രീതി നല്ലതല്ല. കഴിഞ്ഞു പോയവയിൽ ചിലത് പ്രയാസമുള്ളതാണെന്ന് കരുതി എല്ലാ പരീക്ഷകളും അങ്ങനെയാവില്ല. എല്ലാ പരീക്ഷകളും കഴിഞ്ഞതിനു ശേഷം മാത്രം ചോദ്യ പേപ്പർ വിശകലനം ചെയ്യുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ മാർക്ക് കുറയാനിടയുള്ള ചോദ്യങ്ങളും, എഴുതാൻ മറന്നു പോയ ചോദ്യങ്ങളും തുടങ്ങി പല കാര്യങ്ങളും നിങ്ങളെ അലട്ടും. ഇത് അന്നത്തെ പരീക്ഷയെ പ്രതീകൂലമായി ബാധിക്കുകയും ചെയ്യും.

പഠിക്കാത്ത കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടാതിരിക്കുക
അയ്യോ,ആ ഭാഗം പഠിച്ചില്ലല്ലോ, ഈ ഭാഗം മറന്നു പോയല്ലോ എന്ന തരത്തിലുള്ള ആശങ്കകൾ പരീക്ഷാ ദിവസം ഒട്ടും നല്ലതല്ല. എന്തെല്ലാം കാര്യങ്ങൾ പഠിച്ചു എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പഠിക്കാൻ വിട്ടു പോയ ഭാഗങ്ങളെ കുറിച്ച് അനാവശ്യമായി ആശങ്കപ്പെടുന്നത് പഠിച്ച ഭാഗങ്ങൾ കൂടി മറക്കാൻ ഇടയാക്കും.

നന്നായി വെള്ളം കുടിക്കുക
ശരീരത്തിൻ്റെ തുലനമായ പ്രവർത്തനങ്ങൾക്ക് വെള്ളം വളരെ അത്യാവശ്യമാണ്. ആവശ്യമായ അളവിൽ വെള്ളം ലഭിച്ചില്ലെങ്കിൽ ശാരീരിക അസ്വസ്ഥതകൾക്ക് സാധ്യ ഏറെയാണ്. ഇത് മൂലം നിങ്ങൾക്ക് നന്നായി പരീക്ഷ എഴുതാൻ സാധിക്കാതെ വരും. ഈ സാഹചര്യം ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം.

FAQ

ചോ1: പരീക്ഷാ ദിവസം ഹാൾ ടിക്കറ്റ് മറന്നു പോയാൽ എന്ത് ചെയ്യും?

ഉ1:പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഒരിക്കലും മറന്നു പോകരുതാത്ത കാര്യമാണ് ഹാൾടിക്കറ്റ്. പരീക്ഷാ ഹാളിലേക്ക് പ്രവേശനം ലഭിക്കണമെന്നുണ്ടെങ്കിൾ ഹാൾടിക്കറ്റ് കൂടിയേ തീരൂ. പരീക്ഷക്ക് തലേ ദിവസം തന്നെ ഇവ ബാഗിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തിൽ ഹാൾ ടിക്കറ്റ് മറന്നു പോയാൽ വീട്ടിൽ നിന്നും എത്തിക്കാവുന്നതാണെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുക. അല്ലെങ്കിൽ എത്രയും പെട്ടെന്ന് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് ഡൂപ്ലിക്കേറ്റ് ഹാൾടിക്കറ്റ് വാങ്ങുക 

ചോ2: ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും കണക്കാക്കി പഠിച്ചാൽ കൂടുതൽ മാർക്ക് നേടാനാകുമോ?

ഉ2: സിലബസിൽ ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും പഠിച്ചെങ്കിൽ മാത്രമേ നിങ്ങൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനാവുകയുള്ളു. എങ്കിലും ഫോക്കസ് ഏരിയിയും നോൺ ഫോക്കസ് ഏരിയയും കണ്ടെത്തി പഠനം ചിട്ടപ്പെടുത്തുന്നത് വളരെയധികം സഹായിക്കും. 

ചോ3: ഓഫ് ലൈൻ പരീക്ഷയാണോ ഓൺലൈൻ പരീക്ഷയാണോ കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ നല്ലത്?

ഉ3: ഏത് തരത്തിലുള്ള പരീക്ഷ ആണെങ്കിലും മികച്ച മാർക്ക് നേടണമെങ്കിൽ സിലബസ് മുഴുവൻ കവർ ചെയ്ത് പഠനം ചിട്ടപ്പെടുത്തണം. ഓൺലൈൻ പരീക്ഷയുടേയും ഓഫ് ലൈൻ പരീക്ഷയുടേയും രീതി വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തി പരീക്ഷ എഴുതുക. തീർച്ചയായും നല്ല മാർക്ക് നേടാം.

ചോ4: മാർക്ക് ലഭിക്കുന്നതിൻ്റെ പാറ്റേൺ എന്താണ്?

ഉ4: ഓരോ പരീക്ഷ കഴിയുമ്പോഴും ചോദ്യ പേപ്പറിൻ്റെ ഉത്തര സൂചിക പുറത്തിറക്കാറുണ്ട്. ഇതിനെ ആധാരമാക്കിയായിരിക്കും മാർക്ക് വിതരണം നടക്കുക. മുൻകാലങ്ങളിലെ ചോദ്യങ്ങളുടെ ഉത്തര സൂചികകൾ പരിശോധിച്ചാൽ മാർക്കിൻ്റെ പാറ്റേണിനെ കുറിച്ച് ഏകദേശ ധാരണ ലഭിക്കും.

ചോ5: പരീക്ഷ എളുപ്പത്തിൽ എഴുതാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ?

ഉ5: നിങ്ങൾ കൃത്യമായ പ്ലാനിംഗോടു കൂടിയാണ് പഠനം ചിട്ടപ്പെടുത്തിയത് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് മികച്ച മാർക്കും ലഭിക്കും. പഠനത്തിന് കുറുക്കു വഴികളില്ല.

കേരള ബോർഡ് പ്ലസ് ടു പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ